Lalteral ജീവിതം - ഒരു രസച്ചരട്

കൊല്ലവർഷം എത്രയാണെന്ന് അറിയില്ല 2016 കാലഘട്ടം..

ഉണ്ടായിരുന്ന IT ജോലി വേണ്ട എന്ന് വെച്ച് അധ്യാപനവൃത്തിയിൽ പോയി സാമ്പത്തിക മാന്ദ്യം ബാധിച്ച്, ദാരിദ്ര്യം അടിച്ചു, ആഴ്ചയിൽ ഏഴ് ദിവസം പണിയെടുത്തിട്ടും കുടുംബം പോറ്റാൻ ആവാതെ തിരിച്ച് വീണ്ടും ഒരു IT കമ്പനിയുടെ കറങ്ങുന്ന കസേരയിൽ ഉളുപ്പില്ലാതെ ഇരിക്കുന്ന ഞാൻ..

2014ൽ IT ജോലി വിട്ടപ്പോൾ ഉണ്ടായിരുന്ന ശമ്പളം കോളേജിൽ കിട്ടി.. കോളേജിൽ കിട്ടിയ ശമ്പളം തിരിച്ച് 2016 IT ജോലിയിൽ കയറിയപ്പോൾ വീണ്ടും കിട്ടി.. എത്ര നല്ല ആൾക്കാർ അല്ലേ.. രണ്ടുവർഷം പോയെങ്കിലും, പണിക്ക് യാതൊരു കുറവും ഇല്ലായിരുന്നെങ്കിലും ശമ്പളം മാത്രം അങ്ങനെ മാറ്റമില്ലാത്ത നിന്നു.. മമ്മൂട്ടിയുടെ പ്രായം പോലെ..

ആകെയുള്ള ഒരാശ്വാസം ഭാര്യക്ക് ജോലി ഇല്ല എന്നുള്ളതാണ്.. പോരാത്തതിന് ജോലി കിട്ടുവാനായി പഠിക്കുന്നുണ്ട്.. 4 വഴിയിലൂടെയും ചിലവ്.. പണ്ടേ കൊട്ടാരം വക സ്വത്ത് ഏറെയുള്ള ഞാൻ പണിയെടുത്തില്ലെങ്കിൽ വീട് പട്ടിണിയാവും എന്ന്.. കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ മനസ്സിലായി കാണുമല്ലോ അല്ലേ..

അങ്ങനെ ആറുമാസം പണിയെടുത്ത് കഴിഞ്ഞപ്പോൾ കമ്പനിയുടെ ആദ്യത്തെ appraisal വന്നു.. ശമ്പളം കൂട്ടി തരുന്ന പ്രക്രിയ.. വളരെ നല്ല Rating.. മാനേജർ വാനോളം പുകഴ്ത്തി എഴുതി.. നീ സുലൈമാനല്ല ഹനുമാനാണ് ഹനുമാൻ.. ഏതാണ്ട് ആ ഒരു ലൈൻ..

അപ്പോ ഉറപ്പിച്ചു നല്ലൊരു ശമ്പള വർദ്ധനവ് ഉണ്ടാകും.. ഒടുവിൽ ആ കടലാസ് കയ്യിൽ കിട്ടി.. 1200 രൂപ കൂടിയിട്ടുണ്ട്.. കഴുത്തിൽ തൂക്കി ഇട്ടിരുന്ന ID കാർഡ് ഊരി മാനേജരുടെ ടേബിളിൽ വയ്ച്ചിട്ട് പറഞ്ഞു.. ഇതാ എൻറെ രാജിക്കത്ത്.. 

അത്രയും ചിന്തിച്ചു തീരുന്നതിനു മുന്നേ ഭാര്യയുടെ മിസ്കോൾ വന്നു.. അന്ന് ഭാര്യക്ക് വിളിക്കാൻ പോലുമുള്ള ബാലൻസ് ഇല്ലായിരുന്നു.. തിരിച്ചു വിളിച്ചപ്പോൾ എന്നോട് ചോദിച്ചു, 5000 എങ്കിലും കൂടിയോ എന്ന്.. വരുമ്പോൾ ഒരു ഫുൾ ഷവായി വാങ്ങിക്കൊണ്ടു വരാമോ എന്നും.. 

ഞാൻ മറുപടി പറഞ്ഞു 14,400 രൂപ കൂട്ടിയിട്ടുണ്ട്.. പക്ഷേ വർഷത്തിലൊരിക്കൽ മാത്രമേ തരൂ എന്ന്.. ഷവായി വേണ്ട എന്ന് മാത്രം പറഞ്ഞു ഫോൺ കട്ട് ചെയ്തു..

പ്രതീക്ഷിച്ച ശമ്പളവർദ്ധനവ് കിട്ടാത്ത എല്ലാവർക്കും ആദ്യം തോന്നുന്ന ഒരു വികാരമാണ് ആ സിനിമയിൽ മോഹൻലാലും ശ്രീനിവാസനും പറയുന്ന ഡയലോഗ്.. "അല്ലെങ്കിലും ഈ നശിച്ച കമ്പനിയിലെ ജോലി എനിക്ക് വേണ്ട, ഈ കമ്പനി നശിച്ച് നാറാണക്കല്ല് എടുക്കും.." കുറച്ചൊന്ന് ഇരുന്ന് ചിന്തിച്ചു കഴിയുമ്പോൾ തോന്നും നമ്മുടെ സേവനങ്ങളെ വിലമതിക്കാത്തത് ആണെന്ന് പ്രശ്നം എന്ന്.. കുറച്ചുകൂടി ചിന്തിച്ചു കഴിയുമ്പോൾ മനസ്സിലാവും മറ്റൊരു ജോലി കണ്ടു പിടിക്കുക എന്നത് അത്ര എളുപ്പമല്ല എന്നും ഒരറ്റത്ത് മിണ്ടാതിരുന്നു ജോലി ചെയ്യുന്നതാണ് തനിക്കും കുടുംബത്തിനും നല്ലത് എന്നും..

ആ തിരിച്ചറിവിനെ ആണല്ലോ പക്വത എന്ന് പറയുന്നത്.. മറ്റൊരു ഭാഷയിൽ പട്ടിണി കിടന്ന് ശീലമില്ല സാറേ എന്നും പറയാം..

അധ്യാപന ജോലി വിട്ടു 
IT കമ്പനിയിൽ വന്നപ്പോഴും അവധി ദിവസങ്ങളിൽ പഠിപ്പിക്കാൻ പോകുമായിരുന്നു.. ജോലി ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ആയിരുന്നു, അതുകൊണ്ടുതന്നെ വെള്ളിയാഴ്ചകൾ ഫ്രീ ആയിരുന്നു.. (Middle East Clients) ഗെസ്റ്റ് ലക്ചറർ ആയി കറങ്ങിനടക്കുന്ന കാലം.. ഉദ്ദേശം രണ്ടാണ്, കാശ് കിട്ടും പിന്നെ ഇഷ്ടമുള്ള ജോലി.. ആറുമാസം പഠിപ്പിച്ചു കഴിയുമ്പോൾ 12,000 മുതൽ 15,000 രൂപവരെ കിട്ടും.. നഷ്ടക്കച്ചവടം തന്നെ..

ആറുമാസം പഠിപ്പിക്കാൻ ഒരു അധ്യാപകൻ ഇടേണ്ടി വരുന്ന effort ന് വില ഇടുകയാണെങ്കിൽ അത് 50,000 രൂപയ്ക്ക് പുറത്തു വരും.. ആരോട് പറയാൻ ആര് കേൾക്കാൻ.. പലപ്പോഴും മേൽ പറഞ്ഞ തുക കൃത്യ സമയത്ത് കിട്ടണമെന്നില്ല.. 

അങ്ങനെ Mr. ശോക കുമാർ ആയി ജീവിതം തള്ളിനീക്കി കൊണ്ടിരുന്നപ്പോഴാണ് പുതിയൊരു ആശയം ഉണർന്നത്.. അന്നും ആശയങ്ങൾക്ക് ദാരിദ്ര്യം ഇല്ലായിരുന്നു.. കുട്ടികളുടെ മുന്നിൽ ഒരു വിഷയം കിട്ടിയാൽ അത് എങ്ങനെ അവതരിപ്പിക്കണം എന്ന് നല്ല ബോധ്യമുണ്ടായിരുന്നു.. പഠിപ്പിച്ച കോളേജുകളിലെ Student Rating Report തന്നെ സാക്ഷ്യം.. Faculty Development Program-ൽ എൻറെ ക്ലാസ് കേട്ടിരുന്നു ഉറങ്ങിയ അധ്യാപകരുടെ വാക്കുകളും ഊർജ്ജം പകർന്നു.. പിന്നെ MBA പഠിച്ചപ്പോൾ എടുത്ത presentations തുണയായി..

അങ്ങനെ സമയപരിമിതികൾ മറികടന്ന് കാശുണ്ടാക്കാൻ ഒരു പുതിയ സംരംഭം തുടങ്ങി.. Teacher എന്ന കുപ്പായം അഴിച്ചുവച്ച് Trainer എന്ന കുപ്പായം എടുത്തണിഞ്ഞു.. സംരംഭം എന്നു പറയുമ്പോൾ Operations, Finance, Marketing ഒക്കെ വേണമല്ലോ.. സന്തോഷ് പണ്ഡിറ്റ് നോടുള്ള അതിയായ ആദരവ് കൊണ്ട് അതെല്ലാം ഒറ്റയ്ക്ക് തന്നെ കൈകാര്യം ചെയ്യാം എന്ന് തീരുമാനിച്ചു..

അങ്ങനെ ഒന്നാമത്തെ ബോംബ്,  രണ്ടാമത്തെ ബോംബ്.. ഇതാ അവിടെ Lalteral Training എന്ന നാമധേയത്തിൽ ഒരു സംരംഭം തുടങ്ങുകയായി.. Training കൊള്ളാം പക്ഷേ എന്ത് എടുത്തിട്ട് ട്രെയിനും.. വീണ്ടും പ്രതിസന്ധി.. ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചു.. പഴയ വീഞ്ഞും പുതിയ കുപ്പിയും ഒന്നും വേണ്ട.. അല്പം വ്യത്യസ്തതയോടെ എന്തെങ്കിലും കൊണ്ടുവരണം..

ആന്നു വായിച്ചു കൊണ്ടിരുന്ന പുസ്തകങ്ങളിൽ ഏറെ സ്വാധീനിച്ച ഒന്നാണ് Lateral Thinking by Edward de Bono.. സംരംഭത്തിന്റെ പേരിലും ഈ സ്വാധീനം കാണുന്നുണ്ടല്ലോ അല്ലേ.. Vishnu Lal ന്റ Lal ം Lateral Thinkingം കൂടി Lalteral Training ആയതാണ്.. 

എന്തുകൊണ്ട് ഇദ്ദേഹം പറഞ്ഞതിനെ ജനങ്ങളിലേക്ക് എത്തിച്ചു കൂടാ എന്നൊരു തോന്നൽ ഉണ്ടായി.. 

രസകരമായി അവതരിപ്പിച്ചാൽ കുട്ടികൾക്ക് വളരെ പ്രയോജനം ഉണ്ടാവുന്നതും പലരുടെയും ചിന്താ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും എന്നത് ഉറപ്പ്.. ഇപ്പോളും പുറകിൽ നിന്ന് ആരോ പറയുന്നത് പോലെ തോന്നി ഇത് പൊളിക്കും എന്ന്..  തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടതുമില്ല.. സ്ഥിരം പരിപാടിയാണ്..

ഇത് നിസ്സാര പണിയല്ല.. ഇദ്ദേഹത്തിൻറെ പുസ്തകം മുഴുവനും വായിച്ച്, ഇൻറർനെറ്റിൽ തിരഞ്ഞ്, വീഡിയോസ് കണ്ട്, ഒരു Training Module ഉണ്ടാക്കുക എന്നത്  വളരെ ശ്രമകരമായ ജോലിയാണ്.. ആയതുകൊണ്ട് തന്നെ ആദ്യം അറിയണം ഇങ്ങനെ ഒരു ട്രെയിനിങ്ങിന്റെ ആവശ്യകത ഉണ്ടോ എന്ന്.. Training Need Analysis (TNA) എന്നൊക്കെ പിള്ളേരെ പഠിപ്പിച്ചത് ഉപകാരമായി.. 

ഇതേതുടർന്ന് ഒരു സർവ്വേ ഉണ്ടാക്കി കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള എല്ലാ MBA കോളജിലേക്കും അയച്ചു.. നിങ്ങളിൽ എത്ര പേർ "Creativity"യെ കുറിച്ചുള്ള ഉള്ള Training attend ചെയ്തിട്ടുണ്ട് എന്നതാണ് പ്രസക്ത ചോദ്യം.. എത്രപേർക്ക് അങ്ങനെയൊരു Training attend ചെയ്യാൻ താല്പര്യമുണ്ട് എന്നതും ചോദിച്ചറിഞ്ഞു.. ഏറെ ഞെട്ടലോടെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു.. 
80 ശതമാനത്തിനു പുറത്തു കുട്ടികൾ  ഇങ്ങനെ ഒരു Training ന് വേണ്ടി കാത്തിരിക്കുകയാണ്.. അപ്പോ സെറ്റ് സെറ്റ്..

പിന്നെ അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികൾ.. ജോലി കഴിഞ്ഞു വന്ന ഉടനെ കുളിച്ച് ആഹാരം കഴിച്ച് മുറിയിൽ കയറി കതകടക്കും.. പഠനം തന്നെ പഠനം.. സർക്കാർ ജോലിക്കായി പഠിക്കുന്ന ഭാര്യ എന്നെ നോക്കി പുച്ഛത്തോടെ പറയും ഒരു ജോലി കിട്ടിയാൽ എങ്കിലും നിർത്തിക്കൂടെ നിങ്ങളുടെ ഈ പഠിത്തം എന്ന്.. അപ്പോൾ എൻറെ പേഴ്സ് എടുത്തു കയ്യിൽ കൊടുക്കുമായിരുന്നു.. അതിലും നല്ല ഒരു മറുപടി സ്വപ്നങ്ങളിൽ മാത്രം..

നാളുകളുടെ പ്രയത്നത്തിനൊടുവിൽ ഒരു മോഡ്യൂൾ രൂപപ്പെട്ടു.. കാര്യമായി ഒന്നും തന്നെ ഇല്ലെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ ഉള്ളതുപോലെ.. കേട്ട് ഇരിക്കുന്നവർ ബോറടിക്കാത്ത ഒരു ചെറിയ ഐറ്റം.. 3 മണിക്കൂറാണ് ഉദ്ദേശം.. എൻറെ സംസാരം വളരെ കുറച്ച്, പരമാവധി Activities ഉൾപ്പെടുത്തിയുള്ള ഉള്ള ഒരു Lateral Thinking session. Training and Development എന്ന വിഷയം പഠിപ്പിച്ചത് module ഉണ്ടാക്കാൻ വളരെ സഹായകരമായി..

ഒരു മോഡ്യൂൾ രൂപപ്പെട്ടത് കൊണ്ട് മാത്രം ആയില്ല.. എവിടെ പോയി പോയി ട്രെയിനിങ് എടുക്കും.. ആര് കാശ് തരും.. ഒട്ടനവധി ചോദ്യങ്ങൾ.. ഇങ്ങനെ ഒരു സംരംഭം ഉണ്ടെന്ന് നാട്ടുകാരെ അറിയിക്കണം..

മാർക്കറ്റിംഗ് തുടങ്ങണം.. അതിനു മുൻപേ ട്രെയിനിങ്ങിന് ഒരു ഫീസ് നിശ്ചയിക്കണം.. അതിന് ഫിനാൻഷ്യൽ പ്ലാനിങ് വേണം.. ട്രെയിനിങ് മെറ്റീരിയൽസ് കൊടുക്കണം.. അതിന് ചെറിയ ചിലവുണ്ട്..  ഇതിനെല്ലാം പുറമേ  എന്തെങ്കിലും ലാഭം ഉണ്ടാകണം.. ഒട്ടനവധി തീരുമാനങ്ങൾ എടുക്കണം..

ആദ്യം തന്നെ ഒരു തീരുമാനത്തിൽ ഉറച്ചുനിന്നു.. ഫീസ് കേട്ട് ഒരു കുട്ടിയും ഈ ട്രെയിനിങ് വേണ്ട എന്ന് വയ്ക്കരുത്.. പരമാവധി കുറഞ്ഞ നിരക്ക് വേണം നിശ്ചയിക്കുവാൻ.. അങ്ങനെ ഒരു കണക്കിൽ എത്തി പറ്റി.. 

ഒരു കുട്ടിയിൽ നിന്നും 40 രൂപ വാങ്ങാം.. ഏതൊരു കുട്ടിക്കും താങ്ങുവാൻ പറ്റുന്നത് ആണല്ലോ.. 50 കുട്ടികൾ പഠിക്കുന്ന ഒരു ക്ലാസിൽ നിന്നും 2,000 രൂപ.. മതി ആക്രാന്തം വേണ്ട.. ഇതിൽ നിന്ന് കിട്ടുന്നതിൻറെ ഒരു ചെറിയ പങ്ക് ആദിവാസി കുട്ടികൾക്ക് പഠനോപകരണം വാങ്ങുവാനായി ഉപയോഗിക്കുവാനും തീരുമാനിച്ചു..

ഇടയ്ക്കിടെ ഞാൻ എന്നോട് തന്നെ ചോദിക്കും.. ഇതുവരെ ശരിയാണോ കിട്ടുണ്ണി ഏട്ടാ എന്ന്.. അപ്പോഴും പുറകിൽ നിന്ന് ആരോ പറയും വളരെ ശരിയാണ് എന്ന്.. തിരിഞ്ഞു നോക്കിയാൽ ആരും കാണുകയുമില്ല.. അങ്ങനെ മാർക്കറ്റിംഗ് പരിപാടികൾ തുടങ്ങി.. ചില നിർണായക തീരുമാനങ്ങളോടുകൂടിയാണ് തുടക്കം..

ആരുടേയും കാല് പിടിക്കില്ല, ആർക്കും ഫ്രീയായി ട്രെയിനിങ് എടുക്കുകയുമില്ല.. ബന്ധങ്ങൾക്ക് നല്ല വില കൽപ്പിച്ചുകൊണ്ട് തന്നെ മുഖത്തുനോക്കി കാശ് ചോദിച്ചു വാങ്ങും എന്ന്.. ഇതിനു പുറകിൽ എന്തുമാത്രം അധ്വാനം ഉണ്ട് എന്ന് എനിക്ക് മാത്രമല്ലേ അറിയൂ.. കാശ് ചോദിച്ചിട്ടും തരാത്തവർ ഇത് വായിക്കുന്നുണ്ടാവണേ ഈശ്വരാ..

Lateral Thinking is a creative way of solving problems.. ആയതുകൊണ്ടുതന്നെ അത് പഠിപ്പിക്കാൻ ചെല്ലുന്ന എൻറെ മാർക്കറ്റിങ്ങിലും ഒരു ക്രിയേറ്റിവിറ്റി ഉണ്ടാവണം എന്ന് തീരുമാനിച്ചു.. വെറുതെ ചെന്ന് തന്നെ കുറിച്ച് കുറേ പുകഴ്ത്തി പറഞ്ഞു ബന്ധങ്ങൾ ഉപയോഗിച്ച് ട്രെയിനിങ് പിടിക്കുവാൻ താൽപര്യമില്ലായിരുന്നു.. ക്രിയേറ്റീവ് ആയി മാർക്കറ്റിങ് ചെയ്താൽ തന്നെ sessions കിട്ടും എന്നത് ഉറപ്പാണ്..

ഒരു രസകരമായ ബ്രോഷർ അടിച്ചു ഉണ്ടാക്കി.. ഒരു വിസിറ്റിംഗ് കാർഡും.. ഈ ബ്രോഷറിനെ Origami Craft ൽ കാണുന്നതുപോലെ വളരെ ഭംഗിയുള്ള ഒരു കുട്ട (Box) ആക്കി മാറ്റി.. ലോകത്തിൽ തന്നെ അങ്ങനെ ഒരു ബ്രോഷർ ആരും കണ്ടിട്ടുണ്ടാവില്ല.. അങ്ങനെ ഈ കുട്ട ബ്രോഷറും ആയി ഞാൻ കോളേജുകൾ കയറി ഇറങ്ങാൻ തുടങ്ങി.. പുറകിൽ നിന്ന് അപ്പോഴും ആരോ പറയുന്നു, ഇത് ബംബർ ഹിറ്റ് ആകും എന്ന്..

കോളേജിൽ ചെല്ലുന്നു.. HOD യെ കാണുന്നു.. കുട്ട എടുത്ത് മുന്നിൽ വയ്ക്കുന്നു.. എന്നിട്ട് പറയുന്നു, ഞാനൊരു ക്രിയേറ്റിവിറ്റി ട്രെയിനർ ആണ്.. Lateral Thinking ആണ് വിഷയം.. എനിക്ക് കുട്ടികളെ ട്രെയിൻ ചെയ്യുവാനുള്ളത് എന്താണ് എന്ന് ഇതിനകത്തുണ്ട്.. സാറിന് ഇത് കീറാതെ തുറന്നു നോക്കാം എന്ന്.. പലരുടെയും കണ്ണ് തള്ളി പോകുന്നത് കണ്ടു എനിക്ക് കുളിരുകോരിട്ടുണ്ട്..

ഒരു കുട്ടിയിൽ നിന്നും 40 രൂപ fees എന്ന് കേൾക്കുമ്പോൾ എല്ലാവരും ചാടിവീഴുമായിരുന്നു.. പിന്നെ ഈ കുട്ട കുടി കാണുമ്പോൾ അവരുടെ താല്പര്യം പതിന്മടങ്ങ് വർധിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.. കുട്ട ഐഡിയ വർക്കൗട്ട് ആയി.. കുട്ട കൊടുത്ത എല്ലാ കോളേജിൽ നിന്നും വിളി വന്നു തുടങ്ങി.. അങ്ങനെ ഒട്ടനവധി കോളേജുകളിൽ Lateral Thinking എന്ന Concept അവതരിപ്പിക്കാൻ സാധിച്ചു.. 

ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ലാത്തത് കൊണ്ടും, പരമാവധി ആക്ടിവിറ്റീസ് ആയതുകൊണ്ടും സംഗതി എങ്ങിനെയൊക്കെയോ അങ്ങ് ക്ലിക്കായി.. ഓരോ സെഷൻ കഴിയുംതോറും ഞാൻ എൻറെ content-ൽ ചെറിയ മാറ്റംവരുത്തി കൊണ്ടിരുന്നു.. ഓരോ ക്ലാസും പുതിയ അറിവുകൾ പകർന്നു തന്നു കൊണ്ടിരുന്നു..

തിരുവനന്തപുരത്തെ ഒട്ടുമിക്കവാറും കോളേജുകളിലും Training എടുത്തു.. പ്രതികരണം നന്നാവും തോറും തിരുവനന്തപുരം വിട്ടുപോകാനുള്ള ആവേശമായി.. ആ യാത്ര എറണാകുളവും തൃശ്ശൂരും ചെന്നെത്തി.. ചോദിച്ചതിന്റെ ഇരട്ടി കാശു തന്ന പത്തനംതിട്ടയിലെ കോളേജ് അധികൃതർ ഒരു പ്രമുഖ ഹോട്ടലിൽ കൊണ്ട് പോയി ബിരിയാണി കൂടി വാങ്ങിത്തന്നാണ് പറഞ്ഞയച്ചത്..

കോളേജിൽ നിന്നും പലരുടേയും റഫറൻസ് ലൂടെ പല സ്ഥാപനങ്ങളിലേക്കും ക്ഷണിക്കപ്പെട്ടു.. എൻറെ ഇരട്ടിയിലധികം പ്രായമുള്ളവരെ വരെ ട്രെയിൻ ചെയ്യുവാൻ അവസരങ്ങൾ ഉണ്ടായി.. കുട്ടികൾ ഏറെ കൗതുകത്തോടെ ഒരു കാര്യം ശ്രദ്ധിക്കുന്നത് പോലെ ഈ മുതിർന്നവർ എന്നെ ശ്രദ്ധിക്കുന്നത് ഏറെ ധൈര്യവും ആത്മവിശ്വാസവും നൽകി.. 

അങ്ങനെ വെള്ളിയാഴ്ചകൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു.. Freelancing വളരെ സുഖമുള്ള ഒരു പരിപാടിയാണ് എന്ന് മനസ്സിലാക്കി തുടങ്ങി.. ഒരു ക്ലാസിൽ ഞാൻ പഠിപ്പിക്കുമ്പോൾ ഇമവെട്ടാതെ എന്നെ തന്നെ നോക്കിയിരുന്ന ഒരു പെൺകുട്ടി വന്ന് ഫോൺ നമ്പർ ചോദിച്ചപ്പോഴും, ഫോണിൽ വിളിച്ചു സംസാരിച്ചപ്പോൾ ഞാൻ വിവാഹിതനാണെന്ന് അറിഞ്ഞപ്പോൾ പ്ലിംഗ് ആയതും ഇന്നൊരു ഒരു നർമ്മം കലർന്ന ഓർമ്മയാണ്.. പുറകിൽ നിന്ന് ആരോ പറയുന്നത് കേട്ടു "don't do don't do.." എന്ന്..

അങ്ങനെ ഏതാണ്ട് രണ്ടു വർഷം കണ്ണടച്ച് തുറക്കും പോലെ കടന്നുപോയി.. എൻറെ സ്റ്റേജ്കളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.. ഒരിക്കൽപോലും ചെയ്തിരുന്ന ജോലിയെ ബാധിക്കാതെ ഒരു സമാന്തര വരുമാന സ്രോതസ് ആയി മാറി കഴിഞ്ഞു Freelance Training. കുടുംബവുമായി ചെലവഴിക്കാൻ കിട്ടുന്ന സമയം കുറയുന്നതായി തോന്നുമെങ്കിലും അവരുടെ കൂടെ ക്ഷേമത്തിനു വേണ്ടിയാണ് ഈ കഷ്ടപ്പാട് എന്നത് ആ തോന്നലിനെ ന്യായീകരിക്കുമായിരുന്നു..

2018 എന്ന വർഷത്തിൽ ജീവിതത്തെ മൊത്തത്തിൽ മാറ്റിയ രണ്ടു സംഭവങ്ങളുണ്ടായി. ഏറെ കഷ്ടതകൾ സഹിച്ചു എന്ന് ഒന്നും പറയുവാൻ ഇല്ലെങ്കിലും ഭാര്യ പഠിച്ച് ഒരു ജോലി സമ്പാദിച്ചു.. അങ്ങനെ ഒരു മാർച്ച് മാസത്തിൽ ഭാര്യയുടെ മാവ് പൂത്തു.. ഏറെക്കാലത്തെ പ്രയത്നം ഒടുവിൽ ലക്ഷ്യം കണ്ടു.. ഇതേ വർഷം ഓഗസ്റ്റ് മാസം എനിക്ക് മറ്റൊരു ജോലി കിട്ടി.. ജീവിതം അടിമുടി മാറി.. 

എൻറെ വെള്ളിയാഴ്ചകൾ ഇനിയില്ല.. കാരണം ഇവിടെ വെള്ളിയാഴ്ചകൾ വർക്കിംഗ് ആണ്.. (Indian Clients) ശനിയാഴ്ചയും ഞായറാഴ്ചയും ഉണ്ടായിരുന്നിട്ടും താൻ തന്നെ സൃഷ്ടിച്ച തൻറെ ആദ്യ മാസ്റ്റർപീസ് ആയ ആ ട്രെയിനിങ്ങിനെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.. ഒരു കാലം വരെ തൻറെ Identity ആയിരുന്ന ട്രെയിനിങ് ഇന്ന് ലാപ്ടോപ്പിലെ ഒരു ഫോൾഡറിൽ ഒതുങ്ങിക്കൂടി കിടക്കുന്നത് കാണുമ്പോൾ ഓർമ്മ വരുന്നത് ഇടയ്ക്കിടെ പുറകിൽ നിന്ന് എന്നെ നയിച്ചു കൊണ്ടിരുന്ന മുഖം വെളിപ്പെടുത്താത്ത ആ ശബ്ദം ആണ്.. 

ആ ശബ്ദത്തിന്റെ പേര് Necessity.. അഥവാ നിവർത്തികേട്..
 
Necessity is the mother of invention - Plato

Popular posts from this blog

Part-time Jobs.. Part and parcel of life

A candle that blew itself out!!